Tuesday 21 March 2017

തണല്‍

    

     "നല്ല കാലം വരും.. ഇന്നല്ലെങ്കില്‍ നാളെ".... ഈ വിശ്വാസം ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച്‌ കൊണ്ടിരുന്നത്.. എന്നാല്‍ ക്രമേണ വിശ്വാസങ്ങള്‍ നശിക്കാന്‍ തുടങ്ങി, ഇന്നും നാളെയുമൊക്കെ കടന്നങ്ങു പോയി.. ജീവിതത്തില്‍ ഒന്നും വിചാരിച്ചത് പോലെ നടക്കുന്നില്ല. എല്ലാത്തിനും മൂല കാരണം ഒന്ന് തന്നെ പണം... അതെ പണമില്ലാത്തവന്‍ പിണം എന്ന് പറയുന്നത് വളരെ ശരിയാണ്.. പണമുണ്ടാക്കാനായി അറിയാവുന്ന രീതിയിലെല്ലാം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.. സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് പരിശുദ്ധി ഉള്ളത് കൊണ്ട് മോഷണവും പിടിച്ചുപറിയുമൊന്നും ചെയ്യാന്‍ മനസ്സൊട്ടു അനുവദിക്കുന്നുമില്ല.. പരിശ്രമാമെല്ലാം വിഫലമാവുമ്പോ മനസ്സിലങ്ങു വീണ്ടും ഉറപ്പിക്കും "നല്ല കാലം വരും!!! ഇന്നല്ലെങ്കില്‍ നാളെ"..

     ദുരിതങ്ങള്‍ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാന്‍ എനിക്ക് ഒരു മടിയുമില്ല.. എന്നാലിന്ന് എന്‍റെ അവസ്ഥ മറ്റൊന്നാണ്.. ഞാന്‍ ഒറ്റയ്ക്കല്ല, എല്ലാം വിട്ടെറിഞ്ഞ്‌ എന്നോടൊപ്പം ഇറങ്ങി വന്ന ഒരു പെണ്‍കുട്ടി കൂടെയുണ്ട്.. അതെ എന്‍റെ ഭാര്യ.. കാശില്ലാത്തവന്‍ പ്രേമിക്കാന്‍ പോകരുതെന്ന്‍ എന്‍റെ സുഹൃത്തുക്കള്‍ പല തവണ പറഞ്ഞതാണ്‌.. ആര് കേള്‍ക്കാന്‍.. പരിശുദ്ധ പ്രണയം തലയ്ക്കു പിടിച്ചിരിക്കുവല്ലെ?? പെണ്ണിന്‍റെ വീട്ടില്‍ കല്യാണ ആലോചനകള്‍ മുറുകി തുടങ്ങിയപ്പോള്‍ നട്ടെല്ലിനു കാരിരുമ്പിന്‍റെ കരുത്തുമായി ഈ ഞാനെന്ന കാമുകന്‍ മുന്നും പിന്നും നോക്കാതെ അവളെ വിളിച്ചിറക്കി കൊണ്ട് വന്നു രജിസ്റ്റര്‍ മാര്യേജ് ചെയ്തു.. വീട്ടുകാരും നാട്ടുകാരും എല്ലാം എതിരാനെണ്ണ്‍ അറിയണം.. സന്തോഷം..... ജീവിതത്തില്‍ എന്തൊക്കെയോ നേടി എന്ന ഭാവം…. കൊള്ളാം മിടുക്കന്‍, വാക്കിനു വിലയുള്ളവന്‍, ആണുങ്ങളായാല്‍ ഇങ്ങനെ വേണം... അങ്ങനെ പല തരത്തിലുള്ള പ്രശംസകള്‍... പക്ഷെ കൂടെ നിന്ന് പ്രശംസിച്ചവര്‍ പിന്നില്‍ നിന്ന് "ഇവന് ഇങ്ങനെ തന്നെ വേണം" എന്ന് പറഞ്ഞത് ഞാന്‍ കേട്ടില്ല.. പെണ്ണ് കെട്ടിയതിന്റെ ആര്‍ഭാടമൊക്കെ കെട്ടടങ്ങിയപ്പോള്‍ മെല്ലെ മെല്ലെ ഞാന്‍ മനസ്സിലാക്കി.... തന്‍റേടം പുഴുങ്ങി ആവേശത്തില്‍ മുക്കി തിന്നാല്‍ വിശപ്പ്‌ മാറില്ലെന്ന്...

     ചെലവ് ചുരുക്കുവനായി ഒരു സിഗരറ്റിനെ രണ്ടായി മുറിച്ചു വലിച്ചു, പുറത്തേക്കിറങ്ങുമ്പോള്‍ ഭക്ഷണം കഴിവതും ഒഴിവാക്കി, 4 - 5 km ഒക്കെ നടന്നു തന്നെ പോയി, വീട്ടുടമയെ കാണുമ്പോള്‍ ഒളിച്ചു നടന്നു.. കാരണം 2 മാസത്തെ വാടക കൊടുത്തിട്ടില്ല...... അങ്ങനെ പലതും....... പ്രശ്നങ്ങള്‍ ഒരുപടൊക്കെ ഉണ്ടെങ്കിലും ഞാന്‍ ഒന്നും എന്‍റെ പ്രിയ പത്നിയെ അറിയിച്ചിരുന്നില്ല.. അപ്പൊ നിങ്ങള്‍ വിചാരിക്കും ഭാര്യയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന്.. എന്നാല്‍ അങ്ങനെയല്ല.... ഞാനീ പ്രശ്നങ്ങള്‍ വല്ലതും അവളോട്‌ പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും... നമ്മള്‍ ഈ അവസ്ഥയില്‍ എങ്ങനെയാ ജീവിക്കുക, എനിക്ക് പേടിയാവുന്നു, കാശ് അനാവശ്യമായി ചിലവാക്കാതിരുന്നൂടെ (ഇവിടെ ആവശ്യത്തിനു ചിലവാക്കാന്‍ കാശില്ല പിന്നെയാ അനാവശ്യം).... ഇതുവരെ ജനിച്ചിട്ടില്ലാത്ത കുഞ്ഞിന്‍റെ കല്യാണ ചെലവ് വരെ വിഷയമായി വരും.. ഉള്ള സമാധാനം കൂടി പോയി കിട്ടും.. അത് കൊണ്ട് എല്ലാ പ്രശ്നങ്ങളും ഞാന്‍ ഉള്ളില്‍ തന്നെ ഒതുക്കി..

     പക്ഷെ എന്തും സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്.. പ്രശ്നങ്ങള്‍ കൂടി കൂടി വന്നപ്പോള്‍ എന്‍റെ നിയന്ത്രണം നഷ്ടപെടാന്‍ തുടങ്ങി.. ഒന്നിലും ശ്രദ്ധ ചെലുത്താന്‍ കഴിയാതെയായി.. ക്രമേണ അത് കുടുംബ ജീവിതത്തെയും ബാധിച്ചു തുടങ്ങി.. "ഇപ്പോള്‍ പഴയത് പോലെ എന്നോട് സ്നേഹമില്ല.. അത് കൊണ്ടാണ് എന്നോട് സംസാരിക്കാന്‍ പോലും താല്പര്യം കാണിക്കാത്തത്", "വേറെ ആരോ മനസ്സില്‍ കയറി കൂടിയിട്ടുണ്ട്" മുതലായ ആരോപണങ്ങളുമായി ഭാര്യയും സ്വസ്ഥത നശിപ്പിച്ചു തുടങ്ങി, മടുത്തു ജീവിതം.....

     മനസിലുള്ള വിഷമം ആരോടെങ്കിലുമൊക്കെ തുറന്നു പറയണം എന്നുണ്ട്. പക്ഷെ കഴിയുന്നില്ല. എന്ത് ചെയ്യണം എന്ന്‍ അറിയാതെ ഒരു മുറി സിഗരറ്റ് കത്തിച്ചു വീടിന് മുന്നിലുള്ള നെല്ലി മരത്തില്‍ ഞാന്‍ ചാരി നിന്നു.. സ്വച്ഛമായി ശാന്തമായി തന്‍റെ ഇലകളെ മെല്ലെ ഇളക്കി നില്‍ക്കുന്ന ആ മരത്തിനോട് സത്യത്തില്‍ എനിക്ക് അസൂയ തോന്നി.. 

     "ഹും... എന്ത് സുഖമാ നിന്‍റെ ജീവിതം... ഭാവിയെ കുറിച്ച് ടെന്‍ഷന്‍ അടിക്കണ്ട... ജോലിക്ക് പോകണ്ട.. എന്തിനേറെ കല്യാണം പോലും കഴിക്കണ്ട.. ജനിക്കുന്നെങ്കില്‍ നിന്നെ പോലെ ഒരു മരമായിട്ട് ജനിക്കണം" 

     "ആട്ടെ ഞാന്‍ ഇവിടെ കിടന്നു കഷ്ടപ്പെടുന്നതൊക്കെ നീ കാണുന്നുണ്ടോ?? കാണാതെ പിന്നെ! വീടിന്‍റെ മുറ്റത്ത്‌ തന്നെയല്ലേ നിന്‍റെ നില്പ്"

     തിരിച്ചു ഒന്നും പറയാന്‍ കഴിയെല്ലെങ്കിലും ഞാന്‍ ആ മരത്തിനോട് എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.. എല്ലാം കേട്ടുകൊണ്ട് ശാന്ത സ്വരൂപ്നായി നിന്ന മരത്തെ കണ്ടപ്പോള്‍, മനസ്സിലുള്ള വിഷമം ഒക്കെ ഒന്ന് തുറന്നു പറഞ്ഞപ്പോള്‍ എനിക്കും എന്‍റെ മനസ്സില്‍ വല്ലാത്ത ഒരു ആശ്വാസം തോന്നി...

     പിറ്റേ ദിവസം രാവിലെ ചായയുമായി മരത്തിന്‍റെ അടുത്തേക്ക് പോകുമ്പോള്‍ എന്‍റെ മനസ്സില്‍ ഇന്നലെ ഉണ്ടായിരുന്നത്ര ഭാരം ഇല്ലായിരുന്നു... ബുദ്ധിമുട്ടുകള്‍ പങ്കു വയ്ക്കുവാന്‍ ഒരു കൂട്ടില്ലയിരുന്ന എനിക്ക് ആ നെല്ലി മരം ഒരു ആത്മാര്‍ത്ഥ സുഹൃത്തായി മാറുവാന്‍ അധിക നാള്‍ വേണ്ടി വന്നില്ല... പിന്നെ പിന്നെ ഞാന്‍ എല്ലാ ദിവസവും കുറഞ്ഞത്‌ അര മണിക്കൂറെങ്കിലും മരത്തിനോട് ചിലവഴിക്കാന്‍ തുടങ്ങി... പലപ്പോഴും എനിക്ക് ഭ്രാന്താണെന്ന് എന്‍റെ ഭാര്യ പോലും പറഞ്ഞു... അല്ല വെറുതെ നില്‍ക്കുന്ന മരത്തിനോട് ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കണ്ടാല്‍ സത്യത്തില്‍ ഭ്രാന്ത് ഉള്ളവര്‍ പോലും ഒന്ന് വിളിച്ചു പോകും ... "എടാ പ്രാന്താ......"

     പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല.. ഒരു പക്ഷെ നിങ്ങള്‍ക്കും തോന്നി പോകാം ചലിക്കാനോ സംസാരിക്കാനോ ശേഷിയില്ലാത്ത ഒരു മരത്തിനോട് സംസാരിക്കുമ്പോള്‍ എന്ത് സുഖമാ കിട്ടുന്നതെന്ന്‍.. ഒരു പക്ഷെ എന്‍റെ സ്ഥാനത്ത് നിന്നു ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഈ ഒരു ചങ്ങാത്തം എന്‍റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിച്ചു എന്ന്... ഇപ്പോള്‍ എനിക്ക് അനാവശ്യമായ വേവലാതി ഇല്ല... കാര്യങ്ങള്‍ മെല്ലെ മെല്ലെ ശരിയായി തുടങ്ങി.. എന്‍റെ ജീവിതവും മെച്ചപ്പെടാന്‍ തുടങ്ങി... കയ്യില്‍ ആവശ്യത്തിനു പണം വന്നു തുടങ്ങി... ഇന്ന് എന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് ആ മരമാണ്...

കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം .....

     ഞാനിന്നു സമൂഹത്തിലെ സമ്പന്നരില്‍ ഒരുവനാണ്.. എനിക്കിന്ന് എല്ലാമുണ്ട്.. പഴയ വാടക വീട്ടില്‍ നിന്നു മാറി നേരെ എതിരുള്ള സ്ഥലം വാങ്ങി ഒരു ബംഗ്ലാവ് വച്ചു.. ആഡംബര കാറുകള്‍ 2 എണ്ണം... അങ്ങനെ എല്ലാ വിധ സുഖ സൌകര്യങ്ങളും.. ഇന്ന് തിരക്കേറിയ ഒരു മനുഷ്യനാണ് ഞാന്‍... സ്വന്തം മക്കളോട് കുറച്ചു സമയം ചിലവഴിക്കാന്‍ പോലും കലണ്ടറും അപ്പോയിന്‍മെന്‍റും ഒക്കെ നോക്കണം...എന്നാലും ഞാന്‍ സന്തോഷവാനാണ്. പണ്ടൊരു കാലത്ത് പണമില്ലാത്തതിന്‍റെ പേരില്‍ എന്നെ പുച്ചിച്ച പലരും ഇന്നെന്നെ ബഹുമാനിക്കുന്നു.. എവിടെ പോയാലും പ്രത്യേക പരിഗണന, ആഹാ ജീവിതത്തില്‍ പണം തന്നെ എല്ലാം.... പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ഇടയ്ക്കൊക്കെ എന്‍റെ പഴയ കാലത്തെ കുറിച്ച് ആലോചിക്കാറുണ്ട്. കൂട്ടത്തില്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ നെല്ലി മരത്തെയും... ഇപ്പോള്‍ വേറെ വീട്ടിലാണ്‌ താമസമെങ്കിലും എനിക്ക് ഇവിടിരുന്നു ആ മരത്തെ കാണാന്‍ കഴിയുമായിരുന്നു.. ഇന്നത്തെ എന്‍റെ വളര്‍ച്ച കണ്ടു അവന്‍ സന്തോഷിക്കുന്നതായി എനിക്കും പലപ്പോഴും തോന്നാറുണ്ട്..

     ഇന്ന് രാവിലെ ഞാന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുന്ന സമയത്ത് നേരെ എതിര്‍ വീട്ടില്‍ അതായതു എന്‍റെ പഴയ വാടക വീട്ടിന്‍റെ മുന്നില്‍ കുറച്ചു ആളുകള്‍ നില്‍ക്കുന്നത് കണ്ടു. ഉടമസ്ഥന്‍റെ മകന്‍ അമേരിക്കയില്‍ നിന്നു വന്നിട്ടുണ്ട് നാട്ടിലേക്ക് താമസം മാറാന്‍.. അപ്പോള്‍ വീടൊക്കെ ഒന്ന് മിനുക്കി പണിയാന്‍ പണിക്കാര്‍ ഒക്കെ വന്നിട്ടുണ്ട്. എന്തായാലും നടക്കട്ടെ... ഞാന്‍ തിരക്കിട്ട് ഓഫീസിലേക്ക് ഇറങ്ങി... പതിവ് പോലെ ഞാന്‍ എന്‍റെ ജോലി തിരക്കിലേക്ക് മുഴുകി.. 

     വൈകുന്നേരം എന്‍റെ കയ്യിലെ ബ്രീഫ് കേസ് തറയില്‍ വീഴുന്ന ഒച്ച കേട്ടാണ് ഭാര്യ ഓടി വന്നത്.. അതെ ഓഫീസില്‍ നിന്ന് വന്ന ഞാന്‍ വീടിന്‍റെ മുറ്റത്ത്‌ സ്ഥബ്തനായി നില്‍ക്കുകയാണ്.. എന്‍റെ ശരീരമാകെ തണുക്കുന്നു.. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി... ഹൃദയം അതിവേഗം മിടിക്കുന്നു. 

     എന്‍റെ എല്ലാമെല്ലാമായ ആ നെല്ലി മരം അതാ താഴെ കുറച്ചു തടി കഷ്ണങ്ങള്‍ ആയി കിടക്കുന്നു. വീട്ടിന്‍റെ മുന്നില്‍ കാര്‍ ഷെഡ്‌ പണിയാനായി അവര്‍ ആ മരത്തെ നിഷ്കരുണം വെട്ടി മുറിച്ചു മാറ്റി.. ഇത്രയും നാള്‍ ഒരു തണലായി തലയെടുപ്പോടെ നിന്നവന്‍ ഇന്നിതാ മണ്ണില്‍...

     എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ എനിക്ക് അറിയുന്നില്ല. എന്നാലും ഞാന്‍ അവിടേക്ക് ചെന്നു... നിശ്ചലമായി കിടക്കുന്ന തടി കഷ്ണങ്ങള്‍ കണ്ടപ്പോള്‍ പഴയ കാര്യങ്ങളൊക്കെ എന്‍റെ മനസ്സിലൂടെ കടന്നു പോയി.. ഞാന്‍ കണ്ണീരടക്കാന്‍ ബുദ്ധിമുട്ടി.. ഇനിയും ചോര വറ്റാത്ത അവന്‍ എന്നോട് ചോദിച്ചു....

രക്ഷിക്കാമായിരുന്നില്ലേ എന്നെ????

     ഒരു കാലത്ത് എനിക്ക് താങ്ങും തണലും ആയിരുന്ന നിനക്ക് വേണ്ടി എന്റെ 2 തുള്ളി കണ്ണുനീര്‍ മാത്രം സുഹൃത്തേ..... പക്ഷെ നീ തീര്‍ത്ത വിടവ് നികത്താന്‍ ഇനി ആരുമില്ല.... ആള്‍ക്കൂട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടത് പോലെ...

-ശുഭം-

Monday 9 January 2017

കൊച്ചി പുഷ്പോത്സവം - 2017

    എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് പൂക്കള്‍... ഓരോ പൂക്കളെ കാണുമ്പോഴും അത്ഭുതം തോന്നും... പ്രകൃതി എങ്ങിനെ ഈ നിറവും ഭംഗിയും മണവുമെല്ലാം ഇത്ര മനോഹരമായി ചാലിച്ചെടുക്കുന്നു..

    നഗരത്തിലെ പുഷ്പോത്സവം.. നിരത്തിവച്ച വസന്തകാലം.. കണ്ണുകളെ വിരുന്നൂട്ടാന്‍ ഞാനും പോയിരുന്നു...



പൂക്കള്‍ എത്ര നിഷ്കളങ്കരാണല്ലേ....




പ്രണയ ഗാനങ്ങള്‍ എനിക്കായ് എഴുതപ്പെടുമ്പോള്‍ ഞാനു പുഷ്പിക്കും....


പൂക്കള്‍ക്കിടയില്‍ മനോഹരമായ ഒരു സുന്ദരി.. അവളെന്നെ മിഴിച്ചുനോക്കുന്നു...



സ്നേഹശയ്യയില്‍ എമ്പാടും വിതറിയ ചിത്രവര്‍ണ്ണങ്ങള്‍..


ഓരോപുലരിയിലും ഭൂമി തന്‍റെ  പ്രിയതമയ്ക്ക് പൂക്കള്‍ നല്കാറുണ്ട്.. ഭൂമിയില്‍ വിടരുന്ന എല്ലാപൂക്കളും നീലാകാശത്തിനുവേണ്ടി ഭൂമി ഒരുക്കുന്ന സമ്മാനമാണെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്... എത്ര സത്യമാണല്ലേ...


"അനുരാഗിണീ ഇതാ എന്‍..
കരളില്‍ വിരിഞ്ഞ പൂക്കള്‍...."

ബാഗ്രൌണ്ടിലെ പൂക്കളെകുറിച്ച് മാത്രമുള്ള പാട്ടുകളാണ്
ഈ പുഷ്പമേളയില്‍ എന്നെ ഏറെ ആകര്‍ഷിച്ചതും.....




ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ .....


നന്ദിത സ്നേഹിച്ച മരണത്തിന്‍റെ വയലറ്റ് പൂക്കള്‍....






















തളിര്‍ത്തു നില്‍ക്കുമ്പോള്‍..
പൂക്കുമ്പോള്‍..
വിടര്‍ന്നു നില്‍ക്കുമ്പോള്‍..
നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം
ആസ്വദിക്കും...
അടര്‍ന്നു വീഴുമ്പോള്‍...
പെറുക്കി മാറ്റും...