Sunday 12 December 2010

ഞാന്‍ ഇപ്പം വന്നതെയുള്ളു......

  ഞാന്‍ ദാ ഇപ്പോള്‍ വന്നതെയുള്ളുന്നേ...,  ഈ ബൂലോകത്ത് എത്താന്‍‍ താമസിച്ചതിലാണ് ഇപ്പോള്‍ ‍സങ്കടം.., എങ്ങനെ താമസിക്കാതിരിക്കും..? സ്റ്റാന്‍റ് ബൈ മോഡിലുള്ള ഇടുക്കിയിലെ ഉള്ള്നാടന്‍‍ ഗ്രാമത്തില്‍ ‍ നിന്നല്ലേ വരവ്....... 

 ഇടുക്കിയുടെ സൗന്ദര്യം കണ്ടിട്ടാകണം കേരളത്തിന്‌ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിട്ടത്..... പക്ഷെ ഭരണാധികാരികള്‍ ‍ ഈ ജില്ലയോട് കാണിക്കുന്ന അവഗണന താമസിച്ചു വന്ന ഈ എന്നോടും ബ്ലോഗ്‌ കുടുംബത്തിലെ അംഗങ്ങള്‍ കാണിക്കില്ലെന്ന..., പ്രതീക്ഷയോടെ.., സകലമാന ബ്ലോഗും വായിച്ചു കൊതികുത്തിയിട്ടാ വരവ്.., എഴുതി തുടങ്ങികൊട്ടെ... എന്റെ ഓര്‍മകളെ കുറിച്ച്...?

Wednesday 27 October 2010

ഒരു പോസ്റ്റ് കാര്‍ഡ് പ്രണയം

1953 ഏപ്രില്‍ 16
പേര് : അജേഷ് കുമാര്‍ പി.കെ.
വയസ്സ് : 16
വിദ്യാഭ്യാസം : മെട്രിക്കുലേഷന്‍
വിലാസം : കൊയിലോണ്‍

         കംപ്യൂട്ടറിന്‍റെയും, ഇന്‍റര്‍നെറ്റിന്‍റേയും അതിപ്രസരങ്ങളും, സ്പര്ശങ്ങളുമില്ലാത്ത വെറുമൊരു പോസ്റ്റ് കാര്‍ഡ്  പ്രണയത്തിന്റെ കഥ.

      അന്വേക്ഷണകുതുകിയായ കൌമാരം, എല്ലാം അറിയുവാനും സ്വയത്തമാക്കാനുമുള്ള തൃഷ്ണ എന്നില്‍ വളര്ന്ന കാലം. എന്തെങ്കിലുമൊക്കെ ചെയ്ത്കൂട്ടണമെന്നുള്ള ആഗ്രഹം സഹപാടികള്ക്ക് മുന്പിൽ ഹീറോയാകാന്‍ പറ്റുന്ന എന്തെങ്കിലുമൊന്ന്. അതിനെപ്പറ്റിയാണ് രാവേറുവെരയും ഉണര്ന്ന് എഴുന്നേറ്റാലുടനും ചിന്ത. ചെറിയ ചെറിയ തരത്തിലുള്ള ഹീറോയിസം ഒക്കെ കാട്ടിയിരുന്നു. എന്നാല്‍ അതുപോരെന്നൊരു ചിന്ത. ആലോചന ചൂടുപിടിച്ചു. അങ്ങനെയിരിക്കെ അച്ഛൻ കൊണ്ടുവന്ന മാഗസിനില്‍ എന്റെ കണ്ണുകള്‍ തങ്ങി. എന്റെ ആഗ്രഹ സഫലീകരണത്തിന് എന്തെങ്കിലുമുണ്ടോ എന്ന് ഞാന്‍ കണ്ണ് മിഴിച്ച് നോക്കി. അപ്പോഴാണ് പ്രണയം എന്നൊരു വാക്ക് എന്റെ കണ്ണുകളില്‍ ഉടക്കിയത്. ഇതു തന്നെയാവട്ടെ എന്റെ വഴി, ആ വഴിക്കായി എന്റെ ചിന്ത. പക്ഷെ അവിടെ പ്രശനമായി! ആരെ ഞാന്‍ പ്രണയിക്കും? ഒരു ചോദ്യ ചിഹ്നം എന്റെ മനസ്സില്‍.. അയല്‍ക്കാരും സഹപാഠികളുമായ ചിലപെണ്കുട്ടികളുടെ മുഖം എന്റെ മനസ്സില്‍ നിറഞ്ഞു, ശരി നാളെയാവട്ടെ പറയാം എന്നു വിചാരിച്ചു. ഇംഗ്ലീഷില്‍ എനിക്ക് വലിയ പരിജ്ഞാനമില്ല. എങ്കിലും മറ്റ് ഇംഗ്ലീഷ് പഠിച്ച മുതിര്ന്ന സുഹൃത്തുക്കളുടെ സഹവാസത്തിന്റെ ഫലമായി I LOVE YOU എന്ന വാക്ക് ഞാന്‍ മനസ്സിലിട്ട് ഉച്ചരിച്ചു പഠിച്ചു. എന്റെ ഇംഗ്ലീഷ് പ്രയോഗത്തിന്റെ ഫലമായി ആരെങ്കിലും പ്രേമിച്ചാലോ എന്ന് വിചാരിച്ചായിരുന്നു അത്. രാവിലെ തന്നെ കുളിച്ച് കുറിയും തൊട്ട് സ്കൂളിലേക്ക് യാത്രയായി പക്ഷെ പെണ്കുട്ടികളെ കണ്ടപ്പോള്‍ തന്നെ തൊണ്ടയിലെ വെള്ളം വറ്റുന്നു. ദേഹം വിറയക്കുന്നു. ആസകലം വിയര്ക്കുന്നു. ഇല്ല! എനിക്കതിനുള്ള ധൈര്യമില്ല ആ ശ്രമം അവിടെ ഉപേക്ഷിച്ചു. മറ്റു വഴികളിലായി ആലോചന അങ്ങനെയിരിക്കുന്പോഴാണ് മദ്രാസില്‍ അഞ്ചല്‍ മാസ്റ്ററായിരുന്ന ജ്യേഷ്ഠന്‍ എത്തിയത്. ജ്യേഷ്ഠന്റെ ബാഗില്‍ എന്തെങ്കിലും കാണുമെന്ന പ്രതീക്ഷയില്‍ തപ്പി തുടങ്ങി. അപ്പോഴാണ് ജ്യേഷ്ഠന്റെ അതി മനോഹരമായ ഡയറി എന്റെ കണ്ണില്പ്പെട്ടത്. വെറുതേ മറിച്ചു നോക്കി കുറെ വിലാസങ്ങള്‍ . അതില്‍ ഒരു മലയാളിയുടെ വിലാസം ഞാന്‍ ശ്രദ്ധിച്ചു. 

നാരായണ മേനോന്‍ , മദ്രാസ്,
കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോയും അതില്‍ ഒരു സുന്ദരിയായ പെണ്കുട്ടിയും.

         ഞാന്‍ വെറുതെ ചോദിച്ചു ‘ജ്യേഷ്ഠാ ഇതാരുടെ വിലാസമാണ്’? അപ്പോള്‍ ജ്യേഷ്ഠന്റെ മറുപടി. ‘ഇതു ഞാന്‍ ജോലി ചെയ്യുന്ന അഞ്ചലാപ്പീസിന്റെ അടുത്തുള്ള മലയാളിയായ ഒരു ടീ ഷോപ്പ് ഉടമ്മയുടേതാണ്’. പിന്നെയും ചോദിച്ചപ്പോള്‍ നാരായണമേനോന്റെ ഫിഫ്തുകാരി ഇന്ദുവിന്റെ കാര്യവും പറഞ്ഞു. പുതിയൊരു ബന്ദത്തിനു തുടക്കം കുറിച്ച ഒരു പരാമര്ശം. എന്റെ മനസ്സില്‍ പുതിയൊരു ഐഡിയ ഉണര്ന്നു. ഇന്ദുവിനൊരു കത്തയക്കുക അവള്‍ തിരിച്ചയക്കുകയാണെങ്കില്‍ സഹപാഠികളെ കാണിക്കാം. കത്തയക്കാത്ത പക്ഷം വിവരം രഹസ്യമായി സൂക്ഷിക്കുക. ആദ്യം ഒരു സൌഹൃദ കത്താണ് അയച്ചത്. കത്തിനകത്ത് എന്റെ പേരും, കത്തിനു പുറത്ത് ചേച്ചിയുടെ പേരുമാണ് വെച്ചത്, ചേച്ചിയും ജ്യേഷ്ഠന്റെയൊപ്പം മദ്രാസില്‍ പോയി നിന്നതുകൊണ്ട് ഇന്ദുവിനെ പരിചയമുണ്ടായിരുന്നു. അവളുടെ അച്ഛന്റെ കൈയ്യിലാണ് കത്ത് കിട്ടുന്നതെങ്കില്‍ പൊട്ടിക്കാതെ അവള്ക്ക് കിട്ടണമെന്നതായിരുന്നു ഉദ്ദേശം. മൂന്ന് നാല് ആഴ്ച്ചയ്ക്ക് ശേഷം മറുപടി കത്ത് വന്നു. പിന്നീട് മറ്റാരുമറിയാതെ കത്തയക്കുന്നത് തുടര്ന്നു. അങ്ങനെ ഒരു കത്തില്‍ ഞാന്‍ എന്റെ പ്രണയം വെളിപ്പെടുത്തി, കാണാതെ എന്നെ ഇഷ്ടമായി എന്ന മറുപടിയും കിട്ടി, പിന്നീടങ്ങോട്ട് കത്തുകളുടെ ഒരു പ്രവാഹമായിരുന്നു. അങ്ങനെ ഞാൻ അസ്സല്‍ ഒരു ഹീറോയായി മാറി.

1958 ഫെബ്രുവരി 21
അജേഷ് കുമാര്‍ പി.കെ
വയസ്സ് 20
കൊയിലോണ്‍
     
       കാലം കുറേ മാറ്റങ്ങള്‍ എന്നില്‍ വരുത്തി. അഞ്ചു വര്ഷത്തിന്റെ മാറ്റം. ഇപ്പോള്‍ ഡിഗ്രി ഫൈനല്‍ വിദ്യാര്ത്ഥി. പക്ഷെ എന്നില്‍ ഇന്നും മാറാത്ത ഒരേ ഒരു കാര്യം ഉണ്ടായിരുന്നു. എന്തെന്നറിയേണ്ടേ മുടങ്ങാതെ എല്ലാമാസവും അവള്ക്ക് കത്തയയ്ക്കുക. 

1978 ആഗസ്റ്റ് 7 
അജേഷ് കുമാര്‍ പി.കെ
വയസ്സ് 40
മദ്രാസ്

          എന്റെ വിലാസം നിങ്ങളില്‍ അത്ഭുതം ഉളവാക്കി കാണും എന്നെനിക്കറിയാം. എന്നാല്‍ ഞാന്‍ മദ്രാസിലാണെങ്കിലും ഞങ്ങള്‍ ഇരുവരും കണ്ടുമുട്ടിയിട്ടില്ല. വേറേയും സംശയം നിങ്ങളില്‍ കാണും. ഞാനൊരു ഗൃഹസ്ഥനാണെന്ന്, എന്നാല്‍ ഞാനിപ്പോളും അവിവാഹിതനാണ്. എന്നില്‍ പ്രായത്തിന്റെ തെളിവുകളായി തലയില്‍ നരകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. മൂക്കിനു മുകളില്‍ സണ് ഗ്ലാസ് പ്രത്യക്ഷപ്പെട്ടിര്ക്കുന്നു. ഇപ്പോള്‍ ഞാനൊരു പ്രമുഖ പത്രത്തിന്റെ സീനിയര്‍ റിപ്പോര്ട്ടറാണ്. ഇപ്പോള്‍ എന്നിലെ മാറ്റങ്ങള്‍ വളരെ വ്യക്തവും വിശാലവുമാണ്. ആദ്യം ഞാനെഴുതിയത് വായിച്ചശേഷം ഇരുപത് വര്ഷങ്ങളുടെ മാറ്റം. ഇപ്പോള്‍ ഞാനവള്ക്ക് കത്തയയ്ക്കാന്‍ തുടങ്ങിയിട്ട് നീണ്ട ഇരുപത്തിയഞ്ച് വര്ഷം.

1998 ജൂലൈ 13 
പേര് കുറിച്ച് ആവര്ത്തന വിരസത ഉണ്ടാക്കുന്നില്ല
വയസ്സ് 60
മദ്രാസ്

      ഞാനിപ്പോള്‍ പ്രായത്തിന്റെ മുക്കാല്‍ ശതമാനവും പിന്നിട്ട് കഴിഞ്ഞു. ഇപ്പോള്‍ തലയിലെ വെള്ളക്കന്പികള്‍ മാറി മുക്കാല്‍ ശതമാനവും നരച്ചിരിക്കുന്നു. എന്റെ ശിരസ്സ് ഹൈവേകളിലെ സീബ്രാ ക്രോസുകളെ ഓര്മ്മിപ്പിച്ചു. മൂക്കിനു മുകളില്‍ സണ് ഗ്ലാസ് മാറി നല്ലകട്ടിക്കണ്ണടയാണ് വാസം. നെറ്റിയില്‍ നാലഞ്ചു സമരേഖകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആലോചനയുടെതാവാം. ഞാനവള്ക്ക് നാലപത്തഞ്ച് വര്ഷമായി കത്തയയ്ക്കുന്നു, മറുപടിയും ലഭിക്കുന്നു. എന്നാല്‍ ഒരിക്കലും കത്തുകളില്‍ ഇരുവരുടെയും കുടുംബ വിവരങ്ങളെപറ്റി തിരക്കാറില്ല, അറിയിക്കാറുമില്ല. കൂടിക്കാണാന്‍ ഞങ്ങള്‍ ആഗ്രഹിച്ചുമില്ല. എങ്കിലും വര്ഷങ്ങളുടെ പരിചയം തുടര്ന്ന് പോന്നു. ഇപ്പോള്‍ ഞാന്‍ പത്രത്തിന്റെ സീനിയര്‍ എഡിറ്ററാണ് (അവിവാഹിതനും).

2003 ഏപ്രില്‍ 16 
വയസ്സ് 65 
മദ്രാസ് 

       ഇന്ന് ഒരു ശനിയാഴ്ച വല്യതിരക്കുകള്‍ അലട്ടാത്ത ഉച്ചസമയം ഒരു വൃദ്ധ സ്ത്രീയും അവരുടെ മക്കളും, മരുമകനും കൂടി എന്നെ കാണുവാന്‍ എന്റെ ക്യാബിനില്‍ വന്നു. അവര്‍ കാര്യം അവതരിപ്പിച്ചു, ആ വൃദ്ധ സ്ത്രീയുടെ ഭര്ത്താവിന്റെ ചരമവാര്ഷികം പത്രത്തിലിടാനാണ് അവര്‍ വന്നത്. ഞാന്‍ അവരോട് ഡീറ്റയിൽസ് തിരക്കി ഒന്നാം ചരമവാര്ഷികം 

വി. ആര്‍ . ഗോപാല മോനോന്‍
മരണം 17-04-2002
തെക്കേതില്‍ ,
ഭാര്യ: ഇന്ദു ഗോപാലമേനോന്‍ ,
മക്കള്‍ : ഭാനുപ്രിയ, രാജീവ്,
മരുമക്കള്‍ : രവികുമാര്‍ , ഗംഗ,
പേരക്കുട്ടികള്‍ : അശ്വതി – സന്തപ്തകുടുംബാംഗങ്ങൾ.

വൃദ്ധയായ സ്ത്രീയോട് ഒരേയൊരു ചോദ്യം C/o നാരായണമേനോന്‍ ? അതെ എന്നു മറുപടി.
ഒരു മുഴു ജീവിത പ്രണയത്തിന്റെ പരിസമാപ്തി....